മംഗലംഡാം: കടപ്പാറക്കടുത്ത് വനത്തിനകത്തെ തളികക്കല്ല് ആദിവാസി ഉന്നതിയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. സമീപത്തെ കാട്ടുചോലകളും വറ്റി. ആഴത്തിൽ കുഴിയെടുത്താൽ പോലും ഊറിവരാൻ വെള്ളമില്ലെന്ന് വീട്ടുകാർ പറയുന്നു. ഇതിനാൽ അടുക്കളയിലും ശുചിമുറിയിലും വെള്ളമില്ലാതായി. കുളിയും തുണി കഴുകലും ബുദ്ധിമുട്ടിലായി.
വെള്ളമില്ലാതെ മുപ്പതിലേറെ വീട്ടുകാർ കഴിഞ്ഞദിവസങ്ങളിലായി ഉൾക്കാടുകളിലേക്ക് താമസം മാറി. ഇനി നല്ല മഴ പെയ്ത് വെള്ളമാകുമ്പോഴേ ഇവർ ഉന്നതിയിലേക്ക് തിരിച്ചുവരു. അരിയും മറ്റു സാധനങ്ങളുമായി കുടുംബസമേതമാണ് വീട്ടുകാരെല്ലാം ഉൾക്കാടുകളിലേക്ക് മാറിയിട്ടുള്ളത്. ഉന്നതിക്കു മുകളിൽ ഉയർന്ന മലകളിലുള്ള ഉറവകളിൽ നിന്നും ഹോസ് വഴിയാണ് ചില വീട്ടുകാർ വെള്ളം എത്തിക്കുന്നത്. എന്നാൽ ആനക്കൂട്ടവും മറ്റു മൃഗങ്ങളും വെള്ളം കുടിക്കുന്നതും ഈ ഉറവകളിൽ നിന്നാണ്.
ഇതിനാൽ ഉറവയിൽ വെള്ളമില്ലാതെ പല ദിവസവും വെള്ളം വരാറില്ല. ഹോസുകളെല്ലാം ആനകൾ ചവിട്ടിയും വലിച്ചുകളഞ്ഞും നശിപ്പിക്കും. ഇത് ശരിയാക്കാൻ എല്ലാ ദിവസവും മലകയറേണ്ടി വരുന്നതായി മൂപ്പൻ നാരായണൻ പറഞ്ഞു. ഉന്നതിയിൽ നിന്നും ഒരു കിലോമീറ്റർ മാറി മലമുകളിലെ രാമച്ചൻതണ്ട് ഭാഗത്താണ് ഈ ഉറവയുള്ളത്. ഇതിലെ വെള്ളവും വറ്റിതുടങ്ങിയതായി വീട്ടുകാർ പറഞ്ഞു.
തളികക്കല്ലിൽ നിന്നും അഞ്ചു കിലോമീറ്റർ മാറി ചെരുപ്പുള്ളി ഭാഗത്ത് സമൃദ്ധിയായി വെള്ളമുള്ള ഉറവയുണ്ട്. കഴിഞ്ഞവർഷം വാട്ടർ അഥോറിറ്റി അധികൃതർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പിന്നീട് നടപടികളൊന്നും ഉണ്ടായില്ലെന്ന് മൂപ്പൻ പറഞ്ഞു. അറുപതോളം കൂടുംബങ്ങളാണ് തളികക്കല്ല് ഉന്നതിയിലുള്ളത്. ഇതിൽ പകുതിയിലേറെ വീട്ടുകാരും ഉൾക്കാടുകളിലേക്ക് മാറി.
ചാലക്കുടി പുഴയ്ക്ക് തുടക്കം കുറിക്കുന്ന കാരപ്പാറ പുഴയോരത്തും ചിമ്മിനി ഭാഗത്തുമാണ് ഇവർ കുടിൽകെട്ടി കുടുംബസമേതം കഴിയുന്നത്. തേൻ ഉൾപ്പെടെയുള്ള വനവിഭവശേഖരണവും ഇവർ നടത്തും. മറ്റു അടിസ്ഥാന സൗകര്യ വികസനം പലതും ഉന്നതിയിലെ വീട്ടുകാർക്കായെങ്കിലും വേനൽമാസങ്ങളിലെ കുടിവെള്ളക്ഷാമമാണ് ആദിവാസികൾക്ക് വലിയ ദുരിതമായി മാറുന്നത്. കുട്ടികളുടെ പഠനവും ഇതുമൂലം പ്രതിസന്ധിയിലാക്കുന്നുണ്ട്.